ഇരിക്കൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി സിദ്ദിഖ് നഗറിലെത്തിച്ചു. ഡൽഹി നാങ്ളോയി സ്വദേശി നസീർ അലിയുടെ ഭാര്യ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെയാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലേന്റെ നേതൃത്വത്തിൽ സിദ്ദിഖ് നഗറിലെ വീട്ടിലെത്തിച്ചു തെളിവെടുത്തത്.
പത്തു വർഷത്തിനുശേഷമാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. ഇരിക്കൂർ എസ്എച്ച്ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയിലാണ് പ്രതികളുടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. കഴിഞ്ഞദിവസം കോടതി റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്.
2016ഏപ്രിൽ 30 ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിലെ മെരടൻ കുഞ്ഞാമിനയെ (60) ക്രൂരമായി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നുവെന്നാണു കേസ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
സൗമ്യ രംഗാവാല ഫരീദ, സുധ, സമീറ തുടങ്ങിയ വ്യാജ പേരുകളിലാണ് പ്രതികൾ അറിയപ്പെട്ടിരുന്നത്. വസ്ത്ര വ്യാപാരികളെന്ന പേരിൽ കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടകവീട്ടിൽ പ്രതികൾ താമസിച്ചിരുന്നു. പിന്നീട് കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ 2016 ഏപ്രിൽ 30ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽവച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ച് കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണമാലയും കൈയിലുണ്ടായിരുന്ന ഒരു വളയും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു.
ജോലിക്കു പോയിരുന്ന മകൻ ഉമ്മർ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാത്തതിനെത്തുടർന്ന് സമീപവാസികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണു ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.